എന്തെങ്കിലും ആവശ്യത്തിനായി പഴയ കെ എസ് ഇ ബി ബിൽ ആവശ്യം വരാറുണ്ടോ? അങ്ങനെയുള്ളവർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് ആവശ്യം വരുമ്പോൾ ബിൽ കാണാതിരിക്കുക എന്നത്. ഇത് പരിഹരിക്കാൻ വേണ്ടി ബില്ലുകൾ അതിന്റെ പൂർണ രൂപത്തിൽ KSEB വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ സൂക്ഷിക്കാവുന്നതാണ്.
സാധാരണ മീറ്റർ റീഡർ പ്രിന്റ് ചെയ്തു തരുന്ന ബില്ലിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. ബിൽ ചിലപ്പോൾ കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ അക്ഷരങ്ങൾ മങ്ങുകയോ മാഞ്ഞുപോകുകയോ ചെയ്യാറുണ്ട് . അതുകൊണ്ടു മീറ്റർ റീഡർ പ്രിന്റ് ചെയ്യുന്ന ബിൽ സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് കെഎസ്ഇബി വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കുന്ന ബില്ലാണ്.
കെഎസ്ഇബി ബിൽ ഡൌൺലോഡ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ
കെ എസ് ഇ ബി വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഏറ്റവും പുതിയ ബിൽ ഡൌൺലോഡ് ചെയ്യാൻ നിങ്ങളുടെ കൺസ്യൂമർ നമ്പറും , കെ എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറും ആവശ്യമാണ്.
താങ്കളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കൺസ്യൂമർ നമ്പർ മറന്നുപോയാലും താങ്കൾക്കുതന്നെ വളരെ എളുപ്പത്തിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും കൺസ്യൂമർ നമ്പർ കണ്ടുപിടിക്കാനും സാധിക്കും. അതിനുള്ള വഴികൾ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക് ചെയ്താൽ മനസിലാകുന്നതാണ്.
- മൊബൈൽ നമ്പർ ഉപയോഗിച്ച് കെ എസ് ഇ ബി കൺസ്യൂമർ നമ്പർ കണ്ടുപിടിക്കുന്നതെങ്ങനെ
- കെ എസ് ഇ ബി യിൽ മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
കെഎസ്ഇബി ബിൽ ഡൌൺലോഡ്
ആദ്യമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ എസ് ഇ ബി വെബ്സൈറ്റിലെ ബിൽ കാണാനുള്ള പേജിലേക്ക് പോകുക
കെ എസ് ഇ ബി ബില് വ്യൂ പേജിലേക്ക് പോകുക
ഇപ്പോൾ ഇതുപോലെ ഒരു പേജ് കാണാൻ കഴിയും. അവിടെ നിങ്ങളുടെ കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറും ടൈപ്പ് ചെയ്യുക. അതിനു ശേഷം “View Bill” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ കാണുന്നതാണ് നിങ്ങളുടെ ഏറ്റവും പുതിയ കെഎസ്ഇബി ബിൽ. ഇത് വിശദമായ രൂപത്തിലുള്ളതാണ്. നിങ്ങളുടെ കൺസ്യൂമർ വിവരങ്ങൾ, ബില് തുക, അടക്കേണ്ട അവസാന തിയതി, ഉപഭോഗം എന്നിവ കൂടാതെ മറ്റനവധി വിവരങ്ങൾ നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയും.
കെ എസ് ഇ ബി ബിൽ PDF രൂപത്തിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം
ബിൽ ഡൌൺലോഡ് ചെയ്യുന്നതിനായി മുകളിലെ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഡൌൺലോഡ് ബട്ടനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ സ്ക്രീനിൽ കാണുന്ന കെ എസ് ഇ ബി ബിൽ, PDF രൂപത്തിൽ നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈലിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടുന്നതാണ്.
ചിലപ്പോൾ ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താലും ബിൽ ഡൗൺലോഡ് ആയില്ല എന്നുവരാം. അംങ്ങനെയുള്ള അവസരങ്ങളിൽ ഡൗൺലോഡിനു പകരം,
- പ്രിന്റ് ക്ലിക്ക് ചെയ്യുക.
- അതിനുശേഷം “Destination ” എന്ന് കാണുന്ന സ്ഥലത്ത് “Save as PDF” എന്നത് സെലക്ട് ചെയ്യുക.
- താഴെയുള്ള “Save” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ബിൽ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യപ്പെടുന്നതാണ്.
ഓരോ തവണയും കൺസ്യൂമർ നമ്പറും മൊബൈൽ ബമ്പറും ടൈപ്പ് ചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് കെ എസ് ഇ ബി വെബ് സെൽഫ് സർവീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തും നിങ്ങളുടെ ബിൽ ഡൌൺലോഡ് ചെയ്യാം.
വെബ് സെൽഫ് സർവീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
- ഒന്നിൽ കൂടുതൽ കൺസ്യൂമർ നമ്പറുകളിലെ ബില്ലിന്റെ വിവരങ്ങൾ അറിയാൻ സാധിക്കും
- ഒരു വർഷം വരെ പഴയ ബില്ലുകൾ കാണാനും ഡൌൺലോഡ് ചെയ്യാനും സാധിക്കും
- ഒരുവർഷം വരെയുള്ള നിങ്ങളുടെ വൈദ്യുതി ഉപഭോഗം കാണാൻ സാധിക്കും
- പഴയ മീറ്റർ റീഡിംഗുകൾ കാണാൻ കഴിയും
- പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
വെബ് സെൽഫ് സർവീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.